നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേയുള്ള പോക്സോ കേസിൽ നടപടി വൈകുന്നു
Monday, July 1, 2024 2:38 PM IST
കോഴിക്കോട്: നാലര വയസുകാരിയെ ബന്ധുവീട്ടിൽ വച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിൽ നടപടി വൈകുന്നതായി ആരോപണം. കേസിലെ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹേബ്, കമ്മീഷണർ രാജ്പാൽ മീണ എന്നിവർക്കു പരാതി നൽകിയിട്ടും തുടര്‍നടപടി ആയില്ല.
പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് പീഡനമേറ്റിട്ടുണ്ടെന്നാണ് വ്യക്തമായത്. അതേസമയം, കേസില്‍ പോലീസിന് മേല്‍ ശക്തമായ സമ്മര്‍ദമുണ്ടെന്നാണ് അറിയുന്നത്. സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള ഇടപെടലുകളും കേസിലുണ്ടെന്നാണ് ആരോപണം.
പ്രതി ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും പോലീസ് പറയുന്നു. എന്നാല്‍ കേസെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും തുടര്‍ നടപടിയുണ്ടാകാത്തത് ഗുരുതര വീഴ്ചയായി ചൂണ്ടികാണിക്കപ്പെടുന്നു. മാങ്കാവിലെ ഇയാളുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്.
അതേസമയം, കേസിൽ കസബ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ജുവനൈൽ പോലീസ് ഡിവൈഎസ്പിയോടു ചൈൽഡ് വെൽഫെയർ കമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്കൂളിൽ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയിൽ പറയുന്നു.
പരാതിയിൽ ചൈൽഡ് കമ്മിറ്റിയുടെ റിപ്പോർട്ടിനെത്തുടർന്ന് കഴിഞ്ഞ എട്ടിനാണ് കസബ പോലീസ് കൂട്ടിക്കൽ ജയചന്ദ്രനെതിരേ പോക്സോ കേസെടുത്തത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകണമെന്ന് സിഡബ്ല്യുസി കസബ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.