ബിഹാറിന് പ്രത്യേക പദവി വേണമെന്നുള്ള പ്രമേയം മന്ത്രിസഭയില്‍ പാസാക്കാന്‍ നിതീഷിന് ധൈര്യമുണ്ടൊ : ജയ്റാം രമേശ്
Saturday, June 29, 2024 9:00 PM IST
ന്യൂഡല്‍ഹി: ബിഹാറിന് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം സംസ്ഥാന മന്ത്രിസഭയില്‍ പാസാക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ധൈര്യമുണ്ടൊയെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മുഖ്യമന്ത്രിയെന്ന നിലയില്‍ ഈ ആവശ്യം ശക്തമായി ഉന്നയിക്കാന്‍ നിതീഷിന് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ജെഡി-യു നാഷണല്‍ എക്സിക്യൂട്ടിവില്‍ ബിഹാറിന് പ്രത്യേക പദവി അല്ലെങ്കില്‍ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന ആവശ്യമുന്നയിച്ചുള്ള പ്രമേയം പാസാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു ജയറാം രമേശ്. പാര്‍ട്ടി എക്സിക്യൂട്ടിവിലൊക്കെ പ്രമേയം പാസാക്കാന്‍ സാധിക്കുമായിരിക്കും എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍ ഇതില്‍ ഇടപെടാന്‍ നിതീഷിന് പറ്റില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ടിഡിപി എന്ത്കൊണ്ടാണ് ആന്ധ്രപ്രദേശിന് വേണ്ടി ഇതുപോലെയുള്ള പ്രമേയം പാസാക്കാത്തതെന്നും ജയറാം ചോദിച്ചു. ഈക്കാര്യത്തില്‍ ചന്ദ്രബാബു നായിഡുവും പാര്‍ട്ടിയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.