വസന്ത് വിഹാറിലെ നിർമാണസ്ഥലത്തെ അപകടം; രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
Saturday, June 29, 2024 9:24 AM IST
ന്യൂഡല്‍ഹി: വസന്ത് വിഹാറില്‍ കെട്ടിടനിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടത്തില്‍പെട്ട മൂന്ന് തൊഴിലാളികളില്‍ രണ്ട് പേരുടെ മൃതദേഹം പുറത്തെടുത്തു. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഒരാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
അപകടത്തില്‍പെട്ട രണ്ട് പേര് ബിഹാര്‍ സ്വദേശികളും ഒരാള്‍ മധ്യപ്രദേശ് സ്വദേശിയുമാണ്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ അടിത്തറ തകര്‍ന്നതിനെത്തുടര്‍ന്ന് വലിയ കുഴിയിലെ ചെളിയിലും വെള്ളത്തിലും പുതഞ്ഞാണ് തൊഴിലാളികളെ കാണാതായത്.
നിര്‍മാണസ്ഥലത്ത് താത്കാലിക കൂരകളില്‍ താമസിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മൂന്ന് വര്‍ഷമായി ഇവര്‍ ഇവിടെ ജോലി ചെയ്ത് വരികയാണ്. ദേശീയ ദുരന്ത നിവാരണ സേനയും പോലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.