വീടിന് നേരെ അജ്ഞാതരുടെ ആക്രമണം; പരാതിയുമായി അസദുദ്ദീൻ ഒവൈസി
Friday, June 28, 2024 12:26 AM IST
ന്യൂഡൽഹി: തന്റെ വീടിന് നേരെ അജ്ഞാതർ ആക്രമണം നടത്തിയെന്ന പരാതിയുമായി എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി.
ഡൽഹിയിലെ അതീവ സുരക്ഷാമേഖലയിലുള്ള തന്റെ വീട് ആക്രമിക്കപ്പെട്ടുവെന്ന് കാട്ടിയാണ് ഒവൈസി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അക്രമികൾ വീട്ടിൽ കറുത്ത മഷിയൊഴിച്ചുവെന്നും പരാതിയിൽ പറയുന്നു.
അജ്ഞാതരായ ചില അക്രമികൾ വീട്ടിൽ ആക്രമണം നടത്തി. ഡൽഹിയിലെ തന്റെ വസതി ഇത് എത്രാമത്തെ തവണയാണ് ആക്രമിക്കപ്പെടുന്നതെന്ന് തനിക്ക് തന്നെ നിശ്ചയമില്ലെന്നും ഒവൈസി പറഞ്ഞു.
ആക്രമണത്തെ കുറിച്ച് പരാതിപ്പെട്ടപ്പോൾ ഡൽഹി പോലീസ് നിസഹായത അറിയിച്ചു. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
ഡൽഹിയിലെ തന്റെ വസതിക്ക് നേരെ ആക്രമണം നടന്നുവെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിലും ഒവൈസി പരാതി നൽകിയിരുന്നു. അന്ന് ഒവൈസിയുടെ വീടിന്റെ തകർന്ന ജനാലകളുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ രീതിയിൽ ആക്രമണം നടന്നുവെന്ന് ഒവൈസി പരാതിപ്പെട്ടിരുന്നു.