വനമേഖലയിലും ദേശീയോദ്യാനങ്ങളിലും പ്ലാസ്റ്റിക് വിലക്കണമെന്നു ഹര്‍ജി
Thursday, June 27, 2024 7:50 AM IST
കൊച്ചി: വനമേഖലയിലും വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം വിലക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഒഡീഷ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണമടക്കം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ് ഫെലോഷിപ് എറണാകുളം ജില്ലാ സെക്രട്ടറിയായ അഭിഭാഷകന് എ.ജി. സുനില്‍കുമാറാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
വിനോദയാത്രക്കാരടക്കം വനമേഖലയില്‍ വലിയതോതില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതായി ഹർജിയില്‍ പറയുന്നു. ഇവ നീക്കം ചെയ്യുന്നതിലടക്കം വനംവകുപ്പോ കേരള വനം വികസന കോര്‍പറേഷനോ നടപടി സ്വീകരിക്കുന്നില്ല. പ്ലാസ്റ്റിക്കുമായി അകത്തേക്കു പ്രവേശിക്കുന്നത് തടയാനോ ഇവ നീക്കം ചെയ്യാനോ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.
പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നത് പരിസ്ഥിതി മലിനീകരണത്തിനടക്കം കാരണമാകുന്നു. ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിത്. ശബരിമലയിലും ദേവികുളം താലൂക്കിലും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനമുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.