കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം; അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് സിദ്ധരാമയ്യ
Thursday, June 27, 2024 6:44 AM IST
ബംഗളൂരു: കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ വിഷയത്തിൽ ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വീരശൈവ-ലിംഗായത്ത്, എസ്സി/എസ്ടി, ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കൾക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകണമെന്ന് ചില മന്ത്രിമാരാണ് ആവശ്യപ്പെട്ടത്.
സഹകരണ മന്ത്രി കെ.എൻ. രാജണ്ണ, ഭവന മന്ത്രി ബി. ഇസഡ് സമീർ അഹമ്മദ് ഖാൻ, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ വേണമെന്ന് ആവശ്യം ഉന്നയിച്ചത്. ഈ ആവശ്യത്തിൽ ഡി.കെ. ശിവകുമാർ അതൃപ്രതി അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അറിവോടെയാണ് ഈ നീക്കമെന്നാണ് സൂചന. ഡി.കെ. ശിവകുമാർ പാർട്ടിയിലും സർക്കാരിലും ശക്തി പ്രാപിക്കുന്നതിനാൽ ഇതിന് തടയിടാനാണ് പുതിയ ഉപമുഖ്യമന്ത്രിമാർക്കായുള്ള നീക്കമെന്നും റിപ്പോർട്ടുണ്ട്.