പീഡനക്കേസ് : പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ തള്ളി
Wednesday, June 26, 2024 10:59 PM IST
ബംഗളൂരു : പീഡനക്കേസിൽ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്വലിന്റെ ജാമ്യാപേക്ഷ തള്ളിയത്.
പുതിയൊരു എഫ്ഐആർ കൂടി പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ പ്രജ്വലിനെതിരെ നാല് എഫ്ഐആറുകളാണ് ഇപ്പോഴുള്ളത്. പുതിയ കേസിൽ ചോദ്യം ചെയ്യണമെന്ന എസ്ഐടി ആവശ്യപ്പെട്ടതിനാൽ പ്രജ്വൽ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
രണ്ട് ദിവസം മുമ്പ് അറസ്റ്റിലായ പ്രജ്വലിന്റെ സഹോദരൻ സൂരജ് രേവണ്ണയും പോലീസ് കസ്റ്റഡിയിലാണ്. നിരവധി സ്ത്രീകളെ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നുമാണ് പ്രജ്വല്‍ രേവണ്ണക്കെതിരായ കേസ്.