മുഖ്യമന്ത്രി പറയേണ്ട മറുപടി ഷംസീർ പറഞ്ഞാൽ മതിയോ? സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
Wednesday, June 26, 2024 5:45 PM IST
തിരുവനന്തപുരം: കെ.കെ.രമ എംഎൽഎ നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്ത് നല്കി. ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള സര്‍ക്കാര്‍ നീക്കത്തെ സംബന്ധിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന് കഴിഞ്ഞ ദിവസം സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു.
പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കുറിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര-ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇത് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ആഭ്യന്തരവകുപ്പാണ്. അങ്ങനെയിരിക്കേ മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് സതീശൻ കത്ത് നൽകിയത്.
ടി.പി കേസ് പ്രതികളെ ചട്ടവിരുദ്ധമായി മോചിപ്പിക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണ്. ഇതു സംബന്ധിച്ച് നിയമസഭയിൽ നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.