ജനങ്ങളെ സേവിക്കാൻ ആശംസിക്കുന്നു; രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് നടൻ വിജയ്
Wednesday, June 26, 2024 2:04 PM IST
ചെന്നൈ: ലോക്സഭാ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. എക്സിലൂടെയാണ് നടൻ അഭിനന്ദനം അറിയിച്ചത്.
പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് എതിരില്ലാതെ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങളെന്നാണ് എക്സിൽ വിജയ് കുറിച്ചത്. നമ്മുടെ രാജ്യത്തെ ജനങ്ങളെ സേവിക്കാൻ ആശംസിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം, ലോക്സഭാ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ വീണ്ടും തെരഞ്ഞെടുത്തു. ബിര്‍ളയെ സ്പീക്കറായി നിര്‍ദേശിച്ചുകൊണ്ടുള്ള പ്രമേയം ശബ്ദവോട്ടോടെ സഭ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് ഇത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ബിര്‍ളയെ ഡയസിലേക്ക് ആനയിച്ചു. പ്രധാനമന്ത്രിയാണ് ബിര്‍ളയുടെ പേര് നിര്‍ദേശിച്ചുകൊണ്ടുള്ള ആദ്യ പ്രമേയം അവതരിപ്പിച്ചത്. ഇതിന് രാജ്നാഥ് സിംഗ് പിന്തുണ നല്കി.