വൈദികന്റെ കഴുത്തിൽ കത്തിവച്ച് പണവും ഐ ഫോണും കവർന്നു; യുവാവ് അറസ്റ്റിൽ
Wednesday, June 26, 2024 10:18 AM IST
കൊച്ചി: എറണാകുളത്ത് ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി വൈദികന്റെ കഴുത്തിൽ കത്തിവച്ച് 40,000 രൂപയും ഐ ഫോണും കവർന്നയാൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ആൽബിൻ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികൻ സ്വകാര്യ ആവശ്യത്തിനായി എറണാകുളത്ത് എത്തിയത്. തുടർന്ന് വിശ്രമിക്കാനായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു.
പിന്നാലെ മുറിയിൽ അതിക്രമിച്ചെത്തിയ ആൽബിൻ, വൈദികന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി 40,000 രൂപയും ഐ ഫോണും കവർന്നു. തുടർന്ന് ഇവിടെ നിന്നും ഇയാൾ രക്ഷപെട്ടു.
വൈദികൻ ഉടൻതന്നെ കൊച്ചി സെൻട്രൽ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം ഇയാൾ ഐ ഫോണിൽ സിം കാർഡ് ഇടാൻ ശ്രമിക്കവെ പോലീസിന് സിഗ്നൽ ലഭിക്കുകയും പോലീസ് ഇയാളെ ഹൈക്കോടതിയുടെ പുറകുവശത്ത് നിന്നും പിടികൂടുകയുമായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.