ജൂലിയൻ അസാൻജ് കോടതിയിൽ കുറ്റം സമ്മതിച്ചു
Wednesday, June 26, 2024 6:22 AM IST
സായ്പൻ, യുഎസ്എ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് യുഎസ് കോടതിയിൽ കുറ്റം സമ്മതിച്ചു. പസഫിക്കില്‍ ഓസ്ട്രേലിയയോട് ചേര്‍ന്ന അമേരിക്കന്‍ പ്രദേശമായ മരിയാന ദ്വീപിലെ കോടതിയിലാണ് അദ്ദേഹം ഹാജരായത്.
പ്രതിരോധ വിവരങ്ങൾ നേടുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഗൂഢാലോചന നടത്തിയതായി അസാൻജ് സമ്മതിച്ചു. എന്നാൽ ലണ്ടനിലെ ബെൽമാർഷ് ജയിലിൽ അഞ്ചുവർഷം കിടന്ന കാലം പരിഗണിച്ച് അസാൻജിന് അമേരിക്കയിൽ ശിക്ഷ ലഭിക്കില്ല.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ജൂലിയൻ അസാൻജ് ജയിൽ മോചിതനായത്. അമേരിക്കൻ പ്രോസിക്യൂഷനുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് ലണ്ടനിലെ ജയിലിൽനിന്നു മോചിതനായ അദ്ദേഹം ചാർട്ടർ ചെയ്ത വിമാനത്തിൽ സ്വദേശമായ ഓസ്ട്രേലിയയിലേക്കു പോയി.
വിക്കിലീക്സ് വെബ്സൈറ്റ് വഴി അമേരിക്കൻ പ്രതിരോധ രഹസ്യങ്ങൾ പുറത്തുവിട്ടതിനു ചുമത്തപ്പെട്ട ചാരവൃത്തിക്കേസിൽ കുറ്റം ഏറ്റുപറയാമെന്നു സമ്മതിച്ചതാണ് അസാൻജിന്റെ മോചനം സാധ്യമാക്കിയത്. ഓസ്ട്രേലിയൻ സർക്കാരിന്റെ സമ്മർദം മൂലമാണ് അമേരിക്കൻ പ്രോസിക്യൂഷൻ ധാരണയ്ക്കു വഴങ്ങിയതെന്നു റിപ്പോർട്ടുണ്ട്.
ഓസ്ട്രേലിയൻ പൗരനായ അസാൻജ് 2006ൽ സ്ഥാപിച്ച വിക്കിലീക്സ് വെബ്സൈറ്റിലൂടെ അമേരിക്കൻ സേനയുമായി ബന്ധപ്പെട്ട ഒരു കോടിയിലധികം രഹസ്യരേഖകളാണു പുറത്തുവിട്ടത്. അമേരിക്കൻ സൈനികർ ഇറാഖിൽ നിരപരാധികളെ വധിക്കുന്ന വീഡിയോ 2010ൽ പുറത്തുവിട്ടു.
സൈനികരുടെ സുരക്ഷ അപകടത്തിലാക്കിയ അസാൻജിനെതിരേ അമേരിക്ക ചാരവൃത്തിക്കു കേസെടുത്തു. ഇതേ വർഷംതന്നെ രണ്ടു സ്ത്രീകളുടെ പീഡനപരാതിയിൽ സ്വീഡിഷ് സർക്കാരും അസാൻജിനെതിരേ കേസെടുത്തു. അമേരിക്കയ്ക്കു കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമാണു കേസെന്നാരോപിച്ച അസാൻജ് ലണ്ടനിലേക്കു രക്ഷപ്പെട്ടു.
ബ്രിട്ടീഷ് പോലീസിന്റെ അറസ്റ്റ് നീക്കത്തിനിടെ അദ്ദേഹത്തിനു ലണ്ടനിലെ ഇക്വഡോർ എംബസി 2012ൽ അഭയം നൽകി. തുടർന്നുള്ള ഏഴു വർഷം ഇക്വഡോർ എംബസിയിലായിരുന്നു വാസം. പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷ് പോലീസ് എംബസിക്കു പുറത്തുണ്ടായിരുന്നു.
2019ൽ ഇക്വഡോർ സർക്കാർ അഭയം നിഷേധിച്ചതോടെ പുറത്തിറങ്ങിയ അസാൻജ് അറസ്റ്റിലായി. ഇതേ വർഷംതന്നെ സ്വീഡിഷ് സർക്കാർ അസാൻജിനെതിരായ കേസ് പിൻവലിച്ചിരുന്നു. ഇതിനിടെ, ചാരക്കേസിലെ വിചാരണയ്ക്കായി അസാൻജിനെ വിട്ടുകിട്ടാൻ യുഎസ് പ്രോസിക്യൂഷൻ ബ്രിട്ടീഷ് കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളിലാണ് ഇപ്പോൾ മോചനം സാധ്യമായിരിക്കുന്നത്.
1901 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണു തിങ്കളാഴ്ച അസാൻജ് മോചിതനായതെന്ന് വിക്കിലീക്സ് അറിയിച്ചു. സ്വീഡിഷ് അഭിഭാഷകയായ സ്റ്റെല്ല ആണ് അസാൻജിന്റെ ഭാര്യ. 2015ൽ ഇക്വഡോർ എംബസിൽ പരിചയം ആരംഭിച്ച ഇരുവരും 2022ൽ ബെൽമാർഷ് ജയിലിൽ വിവാഹിതരായി. രണ്ടു കുട്ടികളുണ്ട്.