ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരാണ് ഇപ്പോള്‍ അടിയന്തരാവസ്ഥയെക്കുറിച്ച് പറയുന്നത് :കോണ്‍ഗ്രസ് എംപി
Monday, June 24, 2024 2:37 PM IST
ന്യൂഡല്‍ഹി: ലോക്സഭയില്‍ അടിയന്തവരാവസ്ഥയെക്കുറിച്ച് പരാമര്‍ശിച്ച് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് അടിയന്തരാവസ്ഥയെക്കുറിച്ച് ഇപ്പോള്‍ പറയുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
"ജനാധിപത്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് ഇത്തവണയും അധികാരത്തിലെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ എല്ലാ നടപടികളും ജനാധിപത്യത്തിനെതിരാണ്. പാര്‍ലമെന്റ് വളപ്പിലുണ്ടായിരുന്ന ഗാന്ധിജിയുടെയും അംബേദ്കറുടേയും പ്രതിമകള്‍ പോലും എടുത്തുമാറ്റി'-മാണിക്കം പറഞ്ഞു.
ബിജെപി സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് 303 സീറ്റുകളില്‍ നിന്ന് 240 ആയി കുറഞ്ഞതെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു. ഇത്തരലുള്ളവരാണ് ജനാധിപത്യത്തിനെക്കുറിച്ച് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ഭരണഘടനയ്ക്കായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ പാര്‍ട്ടി അതിനെ ശക്തമായി എതിര്‍ക്കുമെന്നും മാണിക്കം പറഞ്ഞു. തമിഴ്നാട്ടിലെ വിരുദനഗറില്‍ നിന്നുള്ള എംപിയാണ് മാണിക്കം ടാഗോര്‍.