ഭരണഘടനാതത്വങ്ങൾ പിന്തുടരും, ഉത്തരവാദിത്വമുള്ള പ്രതിപക്ഷം ഉണ്ടാകണം: പ്രധാനമന്ത്രി
Monday, June 24, 2024 11:20 AM IST
ന്യൂഡൽഹി: ലോക്സഭാ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ എംപിമാരെ പാര്‍ലമെന്റ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാംതവണയും അധികാരത്തിലേറിയ സര്‍ക്കാര്‍ മൂന്നിരട്ടി അധ്വാനിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണം. ഭരണഘടനാതത്വങ്ങൾ പിന്തുടരും.
ഉത്തരവാദിത്വമുള്ള പ്രതിപക്ഷം ഉണ്ടാകണം. പ്രതിപക്ഷവും സാധാരണ ജനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു. പാർലമെന്റിന്റെ മാന്യത പ്രതിപക്ഷം പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.
പ്രസംഗത്തിനിടെ അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ചും മോദി പരാമർശിച്ചു. ജൂണ്‍ 25 ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണ്. ഭരണഘടനപോലും അന്ന് വിസ്മരിക്കപ്പെട്ടുവെന്നും മോദി പറഞ്ഞു.
അതേസമയം പ്രതിഷേധസൂചകമായി ഭരണഘടനയുടെ ചെറിയ പതിപ്പുമായാണ് പ്രതിപക്ഷ അംഗങ്ങൾ ഇന്ന് സഭയിലെത്തിയത്. പ്രോടെം സ്പീക്കർ സ്ഥാനത്തുനിന്ന് കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ഈ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥക്കാലത്തെ പരാമർശിച്ചുകൊണ്ട് മോദി പ്രതിപക്ഷത്തിനെതിരേ ഒളിയന്പെയ്തത്.