കേണിച്ചിറയില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യപ്രശ്നം; മൃഗശാലയിലേക്ക് മാറ്റിയേക്കും
Monday, June 24, 2024 8:53 AM IST
വയനാട്: കേണിച്ചിറയില്‍ പിടിയിലായ തോല്‍പ്പെട്ടി 17 എന്ന കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍. കടുവയുടെ രണ്ട് പല്ലുകള്‍ തകര്‍ന്നിട്ടുണ്ട്. നിലവില്‍ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അധികൃതര്‍ വിലയിരുത്തി.
ഇന്ന് കൂടുതല്‍ പരിശോധനക്ക് കടുവയെ വിധേയനമാക്കും. ഇപ്പോള്‍ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് കടുവയുള്ളത്. കടുവയെ മൃഗശാലയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.
കേണിച്ചിറയില്‍ മൂന്നുദിവസമായി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവ ഞായറാഴ്ച രാത്രി 11ന് ആണ് കെണിയില്‍ അകപ്പെട്ടത്. കിഴക്കേതില്‍ സാബുവിന്റെ പറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ചകൂട്ടില്‍ ആണ് കടുവ അകപ്പെട്ടത്. കടുവ കൂട്ടിലായത് നാട്ടുകാര്‍ക്ക് ആശ്വാസമാകുകയാണ്.
കഴിഞ്ഞദിവസം മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. മാളിയേക്കല്‍ ബെന്നിയുടെ തൊഴുത്തില്‍ കയറി ആയിരുന്നു ആക്രമണം. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. കിഴക്കേല്‍ സാബുവിന്റെ പശുവിനെ കഴിഞ്ഞദിവസം കടുവ കൊന്നിരുന്നു. തുടര്‍ന്ന് കടുവയെ മയക്കുവെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടിരുന്നു.