ഹണിട്രാപ്; യുവതിക്കെതിരെ കേസ്
Sunday, June 23, 2024 3:08 PM IST
കാസർഗോഡ്: ഹണിട്രാപ്പിലൂടെ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്. കാസർഗോഡ് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖരനെതിരെയാണ് പോലീസ് കേസെടുത്തത്.
ഐഎസ്ആർഒയിലെ ജീവനക്കാരിയെന്ന വ്യാജേനയാണ് യുവതി തട്ടിപ്പ് നടത്തിയത്. കൊയിലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് നടപടി.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി സൗഹൃദം സ്ഥാപിച്ച് യുവാവിന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്നാണ് പരാതി. യുവതിക്കെതിരെ വ്യാജരേഖ ചമച്ചതിനും കേസെടുത്തിട്ടുണ്ട്.
ഐഎഎസിന് പഠിക്കുന്ന വിദ്യാര്‍ഥിനിയെന്ന പേരില്‍ വിവിധ ജില്ലകളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തെ യുവതിക്കെതിരെ പരാതി നല്കിയ യുവാവിനെതിരെ ഇവര്‍ പീഡന പരായി നല്‍കിയിരുന്നു. ഈ യുവാവ് ഇപ്പോള്‍ ജയിലിലാണ്.