മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്
Sunday, June 23, 2024 11:06 AM IST
കൊച്ചി: എറണാകുളം മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. സിഗ്നൽ പോസ്റ്റിൽ ഇടിച്ച് കല്ലട ബസ് ആണ് മറിഞ്ഞത്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്.
ബംഗുളൂരുവില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടമായ ബസ് ട്രാഫിക് സിഗ്നലിൽ ഇടിച്ച് ഒരു ബൈക്കിന് മുകളിലേക്കാണ് മറിഞ്ഞത്. പരിക്കേറ്റ ബൈക്ക് യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബൈക്ക് യാത്രികന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് സൂചന.
ബസില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. വൈറ്റില ഭാഗത്ത് നിന്നാണ് ബസ് വന്നത്. ബസിന്റെ ചില്ല് തകർത്താണ് ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ഏഴുപേരെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് കണ്ട് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.