നേതൃമാറ്റമില്ല; പിണറായി വിജയൻ പ്രധാനപ്പെട്ട നേതാവെന്ന് എം.വി. ഗോവിന്ദൻ
Sunday, June 23, 2024 8:39 AM IST
തിരുവനന്തപുരം: പിണറായി വിജയൻ ഏറ്റവും പ്രധാനപ്പെട്ട നേതാവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തുടർഭരണത്തിലേക്ക് നയിക്കാൻ നെടുംതൂണായി നിന്ന നേതാവാണ് പിണറായിയെന്നും നേതൃമാറ്റമെന്ന കാര്യം പാർട്ടിക്കും സർക്കാരിനും മുൻപിൽ ഇല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ന്യൂനപക്ഷ പ്രീണനമെന്ന ആരോപണത്തിൽ പാർട്ടിയിൽ ആശയക്കുഴപ്പമില്ല. ന്യൂനപക്ഷ സംരക്ഷണം ലോകമെങ്ങും ഇടതുപക്ഷത്തിന്റെ പ്രധാനകാര്യമാണ്. സിപിഎം ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നത് ബിജെപിയുടെ പ്രചാരവേലയാണെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ഇ.പി. ജയരാജൻ ജാവദേക്കറെ കണ്ടതിൽ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം ഒരുങ്ങുകയാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.