ജാതിസംവരണം അവസാനിപ്പിക്കണം; വിമർശനവുമായി എൻഎസ്എസ്
Saturday, June 22, 2024 7:02 PM IST
കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ജാതിസംവരണം അവസാനിപ്പിച്ച് ജാതിമതഭേദമന്യേ എല്ലാവരേയും ഒരുപോലെ കാണുന്ന ബദൽ സംവിധാനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻഎസ്എസ് ബജറ്റ് സമ്മേളനത്തിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വർഗീയ സ്പർദ്ധ പടർത്തുന്നതാണെന്നും തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നു. ഇത് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാനാവില്ല. വോട്ടുബാങ്കുകളായ ജാതി വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിനാണ് ജാതി സംവരണവും ജാതി സെൻസസും. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ജാതി സംവരണമെന്നും ജി.സുകുമാരൻ നായർ കൂട്ടിച്ചേർത്തു.