ഡൽഹി ജലപ്രതിസന്ധി: തലസ്ഥാനത്ത് ബിജെപി പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
Saturday, June 22, 2024 3:37 PM IST
ന്യൂഡൽഹി: തലസ്ഥാനത്തെ ജലക്ഷാമവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വടംവലിക്കിടെ ബിജെപി പ്രവർത്തകർ ഡൽഹി ജൽ ബോർഡ് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഹരിയാന ആവശ്യത്തിന് വെള്ളം അയക്കുന്നുണ്ടെന്നും സുപ്രീം കോടതിയും ഇത് അംഗീകരിച്ചിട്ടുണ്ടെന്നും പ്രതിഷേധത്തിനിടെ ബിജെപി നേതാവ് ഷെഹ്സാദ് പൂനവല്ല മാധ്യമങ്ങളോടു പറഞ്ഞു.
ഇന്ന് വാട്ടർ ടാങ്കർ മാഫിയക്കെതിരെ നടപടിയെടുക്കുന്നതിന് പകരം എഎപി സർക്കാർ വീണ്ടും നാടകവും പ്രകടനവും നടത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം, സർക്കാർ എന്തിനാണ് വാട്ടർ ടാങ്കർ മാഫിയയെ സംരക്ഷിക്കുന്നതെന്നും കമ്മീഷൻ വാങ്ങുന്നത് കൊണ്ടാണോ എന്നും ചോദിച്ചു.
അതേസമയം, ഹരിയാന സർക്കാർ ഡൽഹിയുടെ വിഹിതം വിട്ടുനൽകുന്നില്ലെന്ന് ആരോപിച്ച് ഡൽഹി ജലമന്ത്രി അതിഷി ജംഗ്പുരയ്ക്കടുത്തുള്ള ഭോഗലിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്. പാർട്ടി നേതാവ് സഞ്ജയ് സിംഗും ഒപ്പമുണ്ട്.