രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയ മുഖ്യപുരോഹിതൻ അന്തരിച്ചു
Saturday, June 22, 2024 2:27 PM IST
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയ മുഖ്യപുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത്(86) അന്തരിച്ചു. ശനിയാഴ്ച പുലർച്ചയായിരുന്നു അന്ത്യം.
ദീക്ഷിതിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുഖമില്ലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മണികർണിക ഘട്ടിലാണ് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടക്കുക.
ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യ ക്ഷേത്രത്തിൽ ശ്രീരാമന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത്. വാരണാസിയിലെ മുതിർന്ന പണ്ഡിതന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ദീക്ഷിത്, മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലാ നിവാസിയാണ്. എന്നാൽ അദ്ദേഹത്തിന്റെ കുടുംബം തലമുറകളായി വാരണാസിയിലാണ് താമസിക്കുന്നത്.
ദീക്ഷിതിന്റെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.