സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മലപ്പുറത്ത് റെഡ് അലർട്ട്, ഏഴുജില്ലകളിൽ ഓറഞ്ച് അലർട്ട്
Saturday, June 22, 2024 2:25 PM IST
തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത. അടുത്ത അഞ്ചുദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ടാണ്. അതേസമയം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്.
അതേസമയം, ഞായറാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച കണ്ണൂർ ജില്ലയിലും ഓറഞ്ച് അലർട്ടാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.