വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറെ മർദിച്ച സംഭവം; അമ്മയ്ക്കെതിരെയും കേസ്
Saturday, June 22, 2024 9:20 AM IST
പത്തനംതിട്ട: സ്വകാര്യ ബസിൽ പ്ലസ്ടു വിദ്യാർഥിനിയായ മകളോട് മോശമായി പെരുമാറിയ കണ്ടക്ടറെ മർദിച്ചതിന് അമ്മയ്ക്കെതിരെ കേസ്.
ബസിൽ നേരിട്ട ദുരനുഭവം മകൾ ഫോണിലൂടെ പറഞ്ഞതനുസരിച്ച് എത്തിയ അമ്മ കണ്ടക്ടറോട് കാര്യം തിരക്കി. ഇതിനിടെ ഇയാൾ വിദ്യാർഥിനിയുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചു. തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും അക്രമിയുടെ മൂക്കിന്റെ അസ്ഥി വിദ്യാർഥിനിയുടെ അമ്മ അടിച്ചു തകർക്കുകയുമായിരുന്നു.
വിദ്യാർഥിനിയോട് മോശമായി പെരുമാറിയതിന് മുണ്ടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ രാധാകൃഷ്ണപിള്ള (59)യാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ കേസാണ് എടുത്തത്. പ്രതിയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് അമ്മയ്ക്കെതിരെയും കേസെടുത്തു. നെല്ലിമുകൾ ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം നടന്നത്.