ബേബി പെരേപ്പാടൻ അയർലണ്ടിലെ ആദ്യ മലയാളി മേയർ
ജെയ്സൺ കിഴക്കയിൽ
Saturday, June 22, 2024 7:19 AM IST
ഡബ്ലിന്‍: മലയാളിയായ ബേബി പെരേപ്പാടൻ അയർലണ്ടിൽ ആദ്യ മലയാളി മേയറായി. സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ പുതിയ മേയറായാണ് ബേബി പെരേപ്പാടനെ തെരഞ്ഞെടുത്തത്.
ചരിത്രത്തിലാദ്യമായാണ് അയര്‍ലണ്ടില്‍ ഒരു മലയാളി മേയര്‍ സ്ഥാനത്തെത്തുന്നത്. സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ ആദ്യ യോഗമാണ് ബേബി പെരേപ്പാടനെ മേയര്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്.
മുന്മേയര് അലന് ഹെഡ്ജില്‍ നിന്നും അദ്ദേഹം മേയറുടെ അധികാര ചിഹ്നങ്ങള്‍ സ്വീകരിച്ചു. പാമേഴ്സ് ടൗണില്‍ നിന്നുള്ള അലന് ഹെയ്സാണ് ഡപ്യൂട്ടി മേയർ.
അയർലണ്ടിൽ നടന്ന കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ ബേബി പെരേപ്പാടനൊപ്പം മകൻ ഡോ. ബ്രിട്ടോ പെരേപ്പാടനും മത്സരത്തിൽ വിജയിച്ചിരുന്നു. അച്ഛനൊപ്പം മകനും വിജയിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു .
അങ്കമാലി പുളിയനം സ്വദേശിയാണ് ബേബി പെരേപ്പാടൻ. ഭരണകക്ഷിയായ ഫിനഗെയിൽ പാർട്ടി ടിക്കറ്റിലാണ് ഇരുവരും തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ബേബി പെരേപ്പാടൻ ഡബ്ലിൻ കൗണ്ടിയിലെ താല സൗത്തിൽ നിന്നും മകൻ ഡോ. ബ്രിട്ടോ പെരേപ്പാടൻ താല സെൻട്രെലിൽ നിന്നുമാണ് വിജയിച്ചു കയറിയത്. ബ്രിട്ടോ താല ഹോസ്പിറ്റലിലെ ഡോക്ടറാണ്. ബേബി പെരേപ്പാടൻ നിലവിൽ താല സൗത്ത് കൗൺസിലറാണ് .
കഴിഞ്ഞ കാൽ നൂറ്റാണ്ടായി അയർലൻഡിലുള്ള ബേബി പെരേപ്പാടൻ ഏവർക്കും സുപരിചിതനാണ്. പൊതുപ്രവർത്തനരംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു വരുന്ന ഇദ്ദേഹത്തിന്റെ പാതയിലാണ് ഇപ്പോൾ മകൻ ബ്രിട്ടോയും. കഴിഞ്ഞ ഇരുപതു വർഷമായി മറ്റു പാർട്ടികൾ കൈയടക്കിവച്ചിരുന്ന താല സെൻട്രൽ സീറ്റാണ് ഫിനഗേൽ പാർട്ടിക്കായി ബ്രിട്ടോ തിരിച്ചു പിടിച്ചത് .
2019 ൽ ഇതേ രീതിയിൽ ഫിനഗേയിലിനായി ബേബി പെരേപ്പാടനും താല സൗത്ത് സീറ്റ് തിരിച്ചു പിടിച്ച ചരിത്രമാണുള്ളത്. 2019 ലെ മത്സരത്തിൽ ബേബി പെരേപ്പാടൻ താല സൗത്തിൽ 25 വർഷമായി മറ്റു പാർട്ടികൾ കൈയടക്കിവച്ച സീറ്റാണ് അന്ന് ഫിനഗേൽ പാർട്ടിക്കായി തിരിച്ചു പിടിച്ചത്.
ഇതേ സീറ്റിലാണ് ബേബി പെരേപ്പാടൻ തുടർന്നും ഇപ്പോൾ വിജയിച്ചത്. ഇത്തവണയും ഇവിടെ ഉജ്വല വിജയം നേടിയതോടെയാണ് ബേബി പെരേപ്പാടനെത്തേടി മേയർ സ്ഥാനമെത്തിയത്.