വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി
Friday, June 21, 2024 8:25 PM IST
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയോട് അനുബന്ധിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാകളക്ടർ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചത്.
അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പമ്പയാറ്റിൽ മാപ്പിളശ്ശേരി കടവുമുതൽ തെക്കോട്ട് ഫിനിഷിംഗ് പോയിന്റ് വരെയുള്ള ഭാഗത്ത് സ്പീഡ് ബോട്ടുകളുടെ സർവീസുകളും നിരോധിച്ചു.
വള്ളംകളിയോട് അനുബന്ധിച്ച് ചമ്പക്കുളം പമ്പയാറ്റിലെ സ്റ്റാര്‍ട്ടിംഗ് പോയിന്റ് മുതല്‍ ഫിനിഷിംഗ് പോയിന്റ് വരെ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സർവീസിനും നിയന്ത്രണം ഏർപ്പെടുത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതല്‍ വള്ളംകളി അവസാനിക്കുന്നതു വരെ മത്സരം നടക്കുന്ന ട്രാക്കിലൂടെ ബോട്ടുകള്‍ സര്‍വീസ് നടത്തരുതെന്ന് ആലപ്പുഴ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.