കൊടിക്കുന്നിലിനെ എന്തിന് തഴഞ്ഞു?; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി
Friday, June 21, 2024 5:46 PM IST
തിരുവനന്തപുരം: മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ പ്രോട്ടേം സ്പീക്കർ സ്ഥാനത്തു നിന്ന് തഴഞ്ഞ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും കൊടിക്കുന്നിലിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം.
സംഘപരിവാർ പിന്തുടരുന്ന സവർണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബിജെപിയുടെ മറുപടിയെന്നും മുഖ്യമന്ത്രി ചോദിച്ചു. പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ്വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക്.
ആദ്യം കൊടിക്കുന്നിൽ സുരേഷായിരിക്കും പ്രോട്ടേം സ്പീക്കറെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ പതിനെട്ടാം ലോക്സഭയുടെ പ്രോട്ടേം സ്പീക്കറായി ഭർതൃഹരി മഹ്താബിനെ തെരഞ്ഞെടുക്കുകയായിരുന്നു. 26 നാണ് ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോട്ടേം സ്പീക്കറാണ്.