എം.വി.ഗോവിന്ദന് എകെജി സെന്ററിന്റെ കാവൽക്കാരൻ; പിണറായി വിജയൻ ദുര്‍ഭൂതം: കെ.സുധാകരൻ
Friday, June 21, 2024 4:36 PM IST
തിരുവനന്തപുരം: ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിനു കാവലിരിക്കുന്ന ദുര്‍ഭൂതമാണു മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ യഥാര്‍ഥ പരാജയ കാരണങ്ങളിലേക്കു കടക്കാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.
എല്‍ഡിഎഫിന്റെ ദയനീയ പരാജയത്തിന്റെ കാരണഭൂതന് മുഖ്യമന്ത്രിയാണെന്ന് സിപിഐയുടെയും സിപിഎമ്മിന്റേയും ജില്ലാ യോഗങ്ങള്‍ വരെ ചൂണ്ടിക്കാട്ടി. വിഷയം സംസ്ഥാന യോഗത്തിലേക്കു ചര്‍ച്ചയ്ക്കെടുക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് എകെജി സെന്ററിനു കാവൽ നിൽക്കുകയാണ്.
മുഖ്യമന്ത്രിയെ കത്തുന്ന സൂര്യനെപ്പോലെ കരുതുന്ന ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറി എന്നതിനേക്കാള്‍ പിണറായി വിജയന്റെ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരന് എന്ന നിലയിലേക്ക് തരംതാഴുകയാണെന്നും കെപിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ യഥാര്‍ഥ തിരുത്തല്‍ പ്രക്രിയ തുടക്കം കുറിക്കണമെന്നും, അതു പിണറായിയിൽ നിന്നായിരിക്കണമെന്നും സുധാകരന് പറഞ്ഞു.