കളിമുടക്കി മഴ; ബംഗ്ലാദേശിനെതിരേ ഓസീസിന് 28 റൺസ് ജയം, കമ്മിൻസിന് ഹാട്രിക്
Friday, June 21, 2024 10:48 AM IST
ആന്റിഗ്വ: ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 28 റൺസിന് തോല്പിച്ച് ഓസ്ട്രേലിയ. മഴ കളിമുടക്കിയ മത്സരത്തിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഓസീസിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 141 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 11.2 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തപ്പോഴേക്കും മഴയെത്തി. കളി പുനരാരംഭിക്കാൻ കഴിയാതെ വന്നതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 73 ആയി പരിമിതപ്പെടുത്തി. ഇതിനകം ലക്ഷ്യം മറികടന്ന ഓസീസ് ഇതോടെ വിജയിയായി.
ഹാട്രിക്ക് നേടിയ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. പതിനെട്ടാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ മെഹ്മദുള്ള, മെഹ്ദി ഹസന് എന്നിവരെ പുറത്താക്കിയ കമ്മിന്‍സ് ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ തൗഹിദ് ഹൃദോയിയെ വീഴ്ത്തിയാണ് ഹാട്രിക്ക് തികച്ചത്.
ലോകകപ്പില്‍ ഓസ്ട്രേലിയക്കായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് കമിന്‍സ്. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ തന്നെ ബ്രെറ്റ് ലീയാണ് ലോകകപ്പില്‍ ഹാട്രിക്ക് നേടിയ ആദ്യ ഓസീസ് ബൗളര്‍. ട്വന്റി-20 ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏഴാമത്തെ ബൗളറുമാണ് കമ്മിന്‍സ്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെ നേടാനായുള്ളു. ആദ്യ ഓവറിൽത്തന്നെ ഓപ്പണർ തൻസിദ് ഹസനെ (പൂജ്യം) നഷ്ടമായ ബംഗ്ലാദേശിന് ലിട്ടൺ ദാസ് (16), നായകൻ നജ്മുൾ ഹുസൈൻ ഷാന്റോ (41) എന്നിവരുടെ കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും പുറത്തായതിനു പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായത് ബംഗ്ലാദേശിന് തിരിച്ചടിയായി.
ഇവർക്കു പിന്നാലെ തൗഹിദ് ഹൃദോയ് (40), ടസ്കിന് അഹമ്മദ് (13) എന്നിവര്‍ മാത്രമെ ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നുള്ളു. ഓസീസിനായി പാറ്റ് കമ്മിന്‍സ് 29 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദം സാംപ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണർമാരായ ഡേവിഡ് വാർണറും ട്രാവിസ് ഹെഡും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്‍കിയത്. 35 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറുമുൾപ്പെടെ 53 റൺസുമായി പുറത്താകാതെ നിന്ന വാർണറാണ് ടോപ് സ്കോറർ.
ട്രാവിസ് ഹെഡ് 21 പന്തിൽ 31 റൺസെടുത്തു. നായകൻ മിച്ചൽ മാർഷ് ഒരു റണ്ണുമായി പുറത്തായി. ആറു പന്തിൽ 14 റൺസുമായി ഗ്ലെൻ മാക്സ്വെൽ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി രണ്ടു വിക്കറ്റുകളും വീഴ്ത്തിയത് റിഷാദ് ഹുസൈനാണ്.