മരുമകന്റെ പെട്രോൾ ആക്രമണം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Friday, June 21, 2024 9:06 AM IST
ഇടുക്കി: മരുമകന്റെ പെട്രോൾ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൈനാവ് സ്വദേശി അന്നക്കുട്ടി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ടാഴ്ച മുന്പാണ് സംഭവം. മകളുടെ ഭർത്താവായ സന്തോഷാണ് അന്നക്കുട്ടിക്ക് നേരേ പെട്രോൾ ആക്രമണം നടത്തിയത്. ഇവരുടെ പേരക്കുട്ടിയായ രണ്ടര വയസുകാരി ലിയയ്ക്കും പൊള്ളലേറ്റിരുന്നു. കുട്ടി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതി പിന്നീടു തിരികെയെത്തി അന്നക്കുട്ടിയുടെയും മകൻ ലിൻസിന്റെ വീടിനു തീവച്ചിരുന്നു.
ഇതിനു ശേഷം തമിഴ്നാട്ടിലേക്കു കടന്നുകളയാൻ ശ്രമിച്ച ഇയാളെ കുമളിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.കഴിഞ്ഞ അഞ്ചിന് ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. ഭാര്യ വീട്ടിലെത്തിയ സന്തോഷ് അന്നക്കുട്ടിയുടെയും മകൻ ലിൻസിന്റെ രണ്ടര വയസുള്ള പെണ്കുട്ടിയുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊടുക്കുകയായിരുന്നു.
സംഭവത്തിനു ശേഷം സന്തോഷ് ആദ്യ വിവാഹത്തിലെ കുട്ടിയെ സഹോദരൻ സുഗതന്റെ വീട്ടിലാക്കി ഫോണുപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. അന്നക്കുട്ടിയുടെ മകളായ പ്രിൻസി വിദേശത്തു ജോലിക്കു പോയതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്ന് പ്രതി പോലീസിനോടു സമ്മതിച്ചിരുന്നു.
പ്രിൻസിയെ തിരിച്ചു വിളിക്കണമെന്നും ഭാര്യയുടെ ശന്പളം തനിക്കു നല്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇതിനു വീട്ടുകാർ വിസമ്മതിച്ചു. തുടർന്ന് പ്രതി ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.