യുവതിക്ക് അശ്ലീലസന്ദേശം അയച്ചെന്നാരോപിച്ച് മർദനം; അഞ്ച് പേർ അറസ്റ്റിൽ
Thursday, June 20, 2024 2:06 PM IST
കോഴിക്കോട്: യുവതിക്ക് അശ്ലീലസന്ദേശം അയച്ചെന്ന് ആരോപിച്ച് യുവാവിന് മർദനമേറ്റ സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നമംഗലം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ചായക്കടയിലെ ജീവനക്കാരനാണ് മർദ്ദനമേറ്റത്.
വെള്ളിപറമ്പ് സ്വദേശികളായ സജിനീഷ് (43), അഭിനീഷ് (41), ജെറിന് (35), ജിതിന് (34), സുബിലേഷ് (36) എന്നിവരെയാണ് കുന്നമംഗലം പോലീസ് പിടികൂടിയത്. അക്രമി സംഘത്തിലെ ഒരാളുടെ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് യുവാവ് അശ്ലീലസന്ദേശം അയച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം.
കാറിലെത്തിയ സംഘം യുവാവിനെ വാഹനത്തില്‍ പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. യുവാവ് ബഹളം വയ്ക്കുന്നത് ശ്രദ്ധിച്ച നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. അന്വേഷണത്തില്‍ കാര്‍ ചേവായൂര്‍ ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു.
തുടര്‍ന്ന് ചേവായൂര്‍ ഇന്‍സ്പെക്ടറും സംഘവും നടത്തിയ അന്വേഷണത്തില്‍ വാഹനം സഹിതം ഇവരെ പിടികൂടുകയായിരുന്നു. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് കൈക്ക് പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.