ക്ഷീണവും വിശ്രമവും കഴിഞ്ഞു; സ്വർണവില വീണ്ടും 53,000 കടന്നു മുകളിലേക്ക്
Thursday, June 20, 2024 11:37 AM IST
കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം സ്വര്‍ണവില വീണ്ടും 53,000 കടന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,120 രൂപയിലും ഗ്രാമിന് 6,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കൂടി 5,525 രൂപയിലെത്തി.
രണ്ടുദിവസം വില കുറയുകയും പിന്നീടുള്ള രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയും ചെയ്ത ശേഷമാണ് ഇന്ന് സ്വർണം കുതിച്ചത്. തിങ്കളാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും, ചൊവ്വാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.
ജൂൺ ഏഴിന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ എട്ടുമുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.
കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ റിക്കാർഡ് കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറി. പിന്നീട് ഒറ്റയടിക്ക് 1,500 രൂപ കുറഞ്ഞ് 52,500 നിലവാരത്തിലേക്ക് എത്തിയ സ്വര്ണവിലയാണ് ഇന്ന് വീണ്ടും 53,000 രൂപ കടന്നത്.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇന്നുരാവിലെ സ്വര്‍ണം ഔണ്‍സിന് വില 0.41 ശതമാനം ഉയര്‍ന്ന് 2,337.74 ഡോളറിലെത്തി. ബുധനാഴ്ച 0.5 ശതമാനം ഉയര്‍ന്ന് 2,329.48 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, വെള്ളിവിലയില്‍ ഒരു രൂപയുടെ വര്‍ധനവുണ്ടായി. ഗ്രാമിന് 96 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.