തമിഴ്നാട്ടിൽ മദ്യദുരന്തമെന്ന് സംശയം; വ്യാജമദ്യം കഴിച്ച 12 പേർ മരിച്ചു
Wednesday, June 19, 2024 8:51 PM IST
ചെന്നൈ: തമിഴ്നാട്ടിൽ മദ്യദുരന്തമെന്ന് സംശയം. വ്യാജമദ്യം കഴിച്ചതിന് പിന്നാലെ 12 പേർ മരിച്ചു. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം.
നിരവധി പേരെ ശാരീരിക ബുദ്ധിമുട്ടുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരിയിലേക്ക് മാറ്റി. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്.
സംഭവത്തിൽ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനാ ഫലം ലഭിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചത്. തുടർന്ന് ഇവർക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.