ഐസ്ക്രീമില് വിരല്‍ കണ്ടെത്തിയ സംഭവം:പൂനെയിലെ ഫാക്ടറി ജീവനക്കാരന് നിരീക്ഷണത്തില്‍
Wednesday, June 19, 2024 3:06 PM IST
മുംബൈ: ഐസ്ക്രീമില് വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക നിഗമനവുമായി പോലീസ്. ഐസ്ക്രീം നിര്‍മിച്ച ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഇതെന്ന നിഗമനത്തിലാണ് പോലീസ്. ഐസ്ക്രീം നിര്‍മിച്ച അതേ ദിവസം തന്നെ നടന്ന അപകടത്തില്‍ ജീവനക്കാരന്റെ വിരല്‍ നഷ്ടപ്പെട്ടുവെന്നും അതായിരിക്കും ഐസ്ക്രീമില് നിന്ന് കണ്ടെത്തിയതെന്നുമാണ് നിഗമനം.
എന്നാല്‍, ഡി.എന്‍.എ. പരിശോധനയിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നാണ് പോലീസ് അറിയിച്ചത്. ഇതിനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചെന്നും അവര്‍ പറഞ്ഞു. പരിശോധനയുടെ ഫലം വരുന്നത് വരെ ജീവനക്കാരന് നിരീക്ഷണത്തിലായിരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയാണ് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കോണ്‍ ഐസ്ക്രീമില് നിന്ന് മനുഷ്യന്റെ വിരലിന്റെ കഷ്ണം കിട്ടിയത്. മുംബൈ സ്വദേശിയായ ഡോ. ഒര്‍ലേം ബ്രെന്‍ഡന്‍ സെറാവോ ആണ് പരാതിയുമായി രംഗത്തെത്തിയത്.