ബസ് കാത്തിരുന്നവരുടെ ഇടയിലേക്ക് ലോറി ഇടിച്ചു കയറി; അഞ്ച് സ്ത്രീകൾ കൊല്ലപ്പെട്ടു
Wednesday, June 19, 2024 6:26 AM IST
മുംബൈ: മഹാരാഷ്ട്രയിൽ അമിതവേഗതയിലെത്തിയ ലോറി ഇടിച്ച് അഞ്ച് സ്ത്രീകൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. സോലാപൂർ ജില്ലയിലെ പന്ധർപൂർ-അറ്റ്പാഡി റോഡിലെ ബന്ദ്ഗർവാഡി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് അപകടമുണ്ടായത്.
കർഷകത്തൊഴിലാളികളായ സ്ത്രീകൾ ബസിനായി കാത്തുനിൽക്കുമ്പോൾ അമിതവേഗതയിലെത്തിയ ലോറി അവരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
സ്ത്രീകളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ സംഗോള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. അഞ്ച് സ്ത്രീകൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ പണ്ടാർപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
നാട്ടുകാർ ട്രക്ക് ഡ്രൈവറെ മർദിക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ ഗതാഗതം തടസപ്പെട്ടു.
കൂടാതെ വൻ ജനക്കൂട്ടം പ്രതിഷേധവുമായി സംഗോള പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്നു. ഡ്രൈവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്ന് തുടർന്നാണ് ഇവർ പിരിഞ്ഞുപോയത്.
നാട്ടുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ ട്രക്ക് ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.