സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം
Tuesday, June 18, 2024 10:41 PM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു കാരണമായെന്ന് യോഗം വിലയിരുത്തി.
ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും വിമർശനം ഉയർന്നു. നവകേരള സദസിന്റെ ഗുണം കിട്ടിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കണമെന്ന് സീതാറാം യച്ചൂരി ഉൾപ്പടെയുള്ളവർ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ നടപടികൾ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് സംസ്ഥാന സമിതി യോഗത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.