ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ
Tuesday, June 18, 2024 8:41 PM IST
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി ബിനോയ് (21) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ മേൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു. മരണത്തിനു പിന്നിൽ സൈബർ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇൻഫ്ലുവൻസറെ സംശയിക്കുന്നതായും പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ മൊഴി നൽകിയിരുന്നു.
വീട്ടിൽ മുമ്പ് സ്ഥിരമായി വരാറുണ്ടായിരുന്ന ഇയാൾ രണ്ടു മാസമായി വീട്ടിൽ വരുന്നില്ലെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.