കൊച്ചി നഗരത്തിലെ പൊതു ഇടങ്ങളില്‍ ഗ്രാഫിറ്റി വരകള്‍; ആശങ്കയില്‍ ജനം
Tuesday, June 18, 2024 8:23 PM IST
കൊച്ചി: കൊച്ചി നഗരത്തിലെ പൊതു ഇടങ്ങളില്‍ അ ജ്ഞാത ഗ്രാഫിറ്റി വരകള്‍ വ്യാപകമായതോടെ ജനങ്ങള്‍ ആശങ്കയില്‍. കൊച്ചി, മരട്, തൃപ്പൂണിത്തുറ ഭാഗങ്ങളിലാണ് ദുരൂഹതയും കൗതുകവുമുണര്‍ത്തി ഗ്രാഫിറ്റി രചനകള്‍ കണ്ടെത്തിയത്.
നഗരത്തിലെ ദിശാ ബോര്‍ഡുകളെ പോലും വികൃതമാക്കും വിധത്തില്‍ പ്രത്യക്ഷപ്പെട്ട ഈ രചനകള്‍ക്ക് പിന്നിലെ അജ്ഞാതനെ കണ്ടെത്തണമെന്ന ആവശ്യവുമായി മരട് നഗരസഭ പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ്.
രാത്രിയുടെ മറവിലാണ് വരകള്‍ കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. നഗരസഭകള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, പാലങ്ങളുടെ അടി, ദിശാ സൂചകങ്ങള്‍, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, ടെലിഫോണ്‍ കേബിള്‍ ബോക്സുകള്‍ എന്നിവിടങ്ങളില്‍ വരകള്‍ കണ്ടെത്തിയത്.
ഒരേ രീതിയിലുളളതാണ് എഴുത്ത്. എസ്, ഐ, സി, കെ എന്നാണ് എഴുത്തിലുള്ള അക്ഷരങ്ങള്‍. ലോകമെങ്ങും പൊതുഇടങ്ങളില്‍ അനുവാദമില്ലാതെ വരയ്ക്കുന്ന ഗ്രാഫിറ്റി കൂട്ടായ്മകളുടെ ഭാഗമായവാരാകാം ഇതെന്നാണ് അനുമാനം.
മുമ്പ് കൊച്ചി മെട്രോയുടെ യാര്‍ഡില്‍ കയറി ട്രെയിനില്‍ ഗ്രാഫിറ്റി രചന നടത്തിയവര്‍ക്കു പിന്നാലെ രാജ്യവ്യാപക അന്വേഷണം പോലീസ് നടത്തിയെങ്കിലും ഫലം കണ്ടില്ല.