ജെഡിഎസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു: മാത്യു ടി.തോമസ്
Tuesday, June 18, 2024 6:17 PM IST
തിരുവനന്തപുരം: എച്ച്.ഡി.ദേവഗൗഡയും കുമാരസ്വാമിയും നേതൃത്വം നൽകുന്ന ജെഡിഎസുമായി കേരള ഘടകത്തിന് ഒരു ബന്ധവുമില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസ്. തങ്ങളുടെ പാർട്ടി പുതിയ പേര് സ്വീകരിക്കുമെന്നും എൽഡിഎഫിൽ തന്നെ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ എൻഡിഎ സഖ്യത്തിലാണ് ജെഡിഎസ് മത്സരിച്ചത്. കുമാരസ്വാമി മൂന്നാം മോദി സർക്കാരിൽ മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതോടെ സംസ്ഥാനഘടകം നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു.
കുമാരസ്വാമി എൻഡിഎ മന്ത്രിസഭയിലും കെ.കൃഷ്ണൻകുട്ടി സംസ്ഥാന മന്ത്രിസഭയിലും അംഗങ്ങളായി തുടരുന്നതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ളവർ രംഗത്തുവന്നിരുന്നു.
കെ.കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസുമാണ് നിലവിൽ ജെഡിഎസ് പ്രതിനിധികളായി സംസ്ഥാന നിയമസഭയിലുള്ളത്.