"യൂട്യൂ...ബും' നടപടിയെടുത്തു; സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്തു
Tuesday, June 18, 2024 2:49 PM IST
ആലപ്പുഴ: സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. ഒമ്പത് വീഡിയോകളാണ് നിലവില്‍ നീക്കംചെയ്തത്. നിയമ ലംഘനങ്ങള്‍ അടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ യൂട്യൂബിന് കത്ത് നല്‍കിയിരുന്നു.
നേരത്തെ, സഞ്ജു ടെക്കി കാറില്‍ സ്വിമ്മിംഗ് പൂള് ഉണ്ടാക്കി യാത്ര ചെയ്തത് വലിയ വിവാദമായിരുന്നു. പിന്നീട് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു.
എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടര്‍ന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ഉത്തരവില്‍ പറയുന്നു.
നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സാമൂഹിക സേവനത്തിലാണ് സഞ്ജുവും സുഹൃത്തുക്കളും. 15 ദിവസത്തെ സാമൂഹിക സേവനം 11 നാണ് ആരംഭിച്ചത്. ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് സേവനം. സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമാണ് കേസിലെ പ്രതികള്‍. യൂട്യൂബില്‍ നാല് ലക്ഷത്തിൽപരം ഫോളോവേഴ്സുള്ളയാളാണ് സഞ്ജു ടെക്കി.