ഇറ്റാലിയന്‍ തീരത്ത് രണ്ട് ബോട്ടുകള്‍ മുങ്ങി; 11 അഭയാര്‍ഥികള്‍ മരിച്ചു; നിരവധി പേരെ കാണാതായി
Tuesday, June 18, 2024 10:03 AM IST
റോം: ഇറ്റാലിയന്‍ തീരത്ത് രണ്ട് വ്യത്യസ്ത ബോട്ടപകടങ്ങളിലായി 11 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു. 66 പേരെ കാണാതായെന്നാണ് വിവരം.
മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ കുടുങ്ങി വിവിധ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാമെന്ന പ്രതീക്ഷയില്‍ സഞ്ചരിച്ച ആളുകളാണ് അപകടത്തില്‍പെട്ടത്. രക്ഷപെട്ടവരെ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി.
തിങ്കളാഴ്ചയാണ് നാദിര്‍ എന്ന കപ്പലില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ 10 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ കപ്പലിലെ 51 പേരെ രക്ഷിച്ചതായി ജര്‍മന്‍ രക്ഷാപ്രവര്‍ത്തകരായ റെസ്ക്യുഷിപ് അറിയിച്ചു. ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയില്‍നിന്ന് 40 മൈല്‍ തെക്ക് ഭാഗത്തായിരുന്നു അപകടം.
തെക്കന്‍ ഇറ്റലിയിലെ കാലാബ്രിയ തീരത്തുനിന്ന് 100 മൈല്‍ അകലെ അയോണിയന്‍ കടലില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ മറ്റൊരു ബോട്ടപകടത്തില്‍ 26 കുട്ടികളടക്കം 66 പേരെ കാണാതായി. 12 പേരെ മറ്റൊരു ചരക്കുകപ്പലില്‍ ഉണ്ടായിരുന്നവര്‍ രക്ഷിച്ച് തുറമുഖത്തെത്തിച്ചു.
ഇവരില്‍ ഒരു സ്ത്രീ പിന്നീട് മരിച്ചു. തുര്‍ക്കിയില്‍നിന്ന് പുറപ്പെട്ട കപ്പലാണ് ഇതെന്നാണ് സൂചന.