മണിപ്പൂർ സംഘർഷം; കുക്കി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്രം ചർച്ച നടത്തും
Monday, June 17, 2024 10:52 PM IST
ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാനുള്ള നടപടിയുമായി കേന്ദ്രസർക്കാർ. കുക്കി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര ഉദ്യോഗസ്ഥർ ചർച്ച നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.
ആഭ്യന്തര മന്ത്രാലയത്തിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, രഹസ്യാന്വേഷണ വിഭാഗം മേധാവി തപൻ ദേക്ക, സൈനിക മേധാവി ജനറല്‍ മനോജ് പാണ്ഡെ, സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിംഗ്, മണിപ്പൂർ ചീഫ് സെക്രട്ടറി വിനീത് ജോഷി, ഡിജിപി രാജീവ് സിംഗ്, അസം റൈഫിള്‍സ് മേധാവി ചന്ദ്രൻ നായർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അമിത് ഷാ നിർദേശം നൽകി. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കാനും യോഗത്തിൽ തീരുമാനമായി. മണിപ്പൂർ ഗവർണർ അനസൂയ ഉയിക കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് അമിത്ഷാ യോഗം വിളിച്ചത്.
മേയ് മൂന്നിന് മണിപ്പൂരില്‍ കുക്കികളും മെയ്തേയ് വിഭാഗവും തമ്മില്‍ തുടങ്ങിയ സംഘർഷത്തില്‍ ഇതുവരെ 225 പേർ മരിച്ചു. 50,000 ത്തോളം പേർ വീടുവിട്ട് അഭയാർഥി ക്യാമ്പുകളില്‍ കഴിയുകയാണ്.
സംഘർഷം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവതും ആവശ്യപ്പെട്ടിരുന്നു