പ്രിയങ്കാ ഗാന്ധിക്ക് സ്വാഗതം; രാഹുലിന് നന്ദി: കെ.സുധാകരൻ
Monday, June 17, 2024 9:50 PM IST
തിരുവനന്തപുരം: വയനാട് മണ്ഡലത്തിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതിനെ സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വയനാട് ഒഴിയുന്ന രാഹുല്‍ ഗാന്ധിക്ക് നന്ദിയെന്നും അദ്ദേഹത്തിന് പകരമായി എഐസിസി നിയോഗിച്ച പ്രിയങ്കാ ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിച്ചത് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് മാത്രമാണ്. വയനാട് ലോക്സഭാ മണ്ഡലവുമായി രാഹുല്‍ ഗാന്ധിക്ക് വൈകാരികമായ ബന്ധമാണ് ഉണ്ടായിരുന്നത്.
വയനാട് തന്റെ കുടുംബമാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടുള്ളത്. നയപരമായ തീരുമാനം കോണ്‍ഗ്രസിന് വേണ്ടിയെടുക്കുമ്പോഴും രാഹുല്‍ ഗാന്ധി തുടങ്ങിവച്ച ദൗത്യം തുടരാന്‍ പ്രിയങ്കാ ഗാന്ധിയെ നിയോഗിച്ചതിനെയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്യുകയാണെന്ന് സുധാകരൻ പറഞ്ഞു.