ബിഹാറില്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; 13 പേര് അറസ്റ്റില്‍
Monday, June 17, 2024 11:53 AM IST
പാറ്റ്ന: ബിഹാറില്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തില്‍ നാല് വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും അടക്കം 13 പേര് അറസ്റ്റിലായി.
ബിഹാറിലെ ഏഴ് വിദ്യാര്‍ഥികള്‍ക്ക് പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെയും യുപിയിലെയും ഓരോ വിദ്യാര്‍ഥികള്‍ക്ക് കൂടി പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
ബിഹാറിലെ നീറ്റ് പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടന്നെന്നാണ് ബിഹാര്‍ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയത്. 20 മുതല്‍ 30 ലക്ഷം രൂപ വരെ നല്കി ചോദ്യപേപ്പര്‍ വിദ്യാര്‍ഥികള്‍ കൈവശപ്പെടുത്തിയെന്നും അങ്ങനെ പരീക്ഷ എഴുതിയവര്‍ക്ക് വലിയ മാര്‍ക്ക് ലഭിച്ചെന്നുമാണ് കണ്ടെത്തൽ.
ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയോടും പോലീസ് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് ലഭിച്ച മറുപടികള്‍ തൃപ്തികരമല്ല.ഏജന്‍സിയോട് വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.