പന്നു വധശ്രമ കേസ്; നിഖിൽ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്ക് അമേരിക്കയ്ക്ക് കൈമാറി
Monday, June 17, 2024 5:29 AM IST
വാഷിംഗ്ടൺ ഡിസി: ഖലിസ്ഥാന്‍ ഭീകരന് ഗുര്പട്വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ഇന്ത്യക്കാരന് നിഖില്‍ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്ക് അമേരിക്കയ്ക്ക് കൈമാറി.
കഴിഞ്ഞ വർഷം ചെക്ക് റിപ്പബ്ലിക്കിൽ വച്ച് അമേരിക്കൻ സർക്കാരിന്റെ അഭ്യർഥന പ്രകാരമാണ് ഗുപ്ത (52) അറസ്റ്റിലായത്. തിങ്കളാഴ്ച ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കുമെന്നാണ് കരുതുന്നത്.
ഗുപ്ത നിലവിൽ ബ്രൂക്ലിനിലെ ഫെഡറൽ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലാണ്. ഇവിടെ തടവുകാരുടെ പട്ടികയിലാണ് നിഖിൽ ഗുപതയുടെ പേരുള്ളത്. അദ്ദേഹത്തെ കൈമാറുന്ന വിവരം ആദ്യമായി റിപ്പോർട്ട് ചെയ്തത് വാഷിംഗ്ടൺ പോസ്റ്റാണ്.
ഗുർപട്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഗുപ്ത ഒരു കൊലയാളിക്ക് ക്വട്ടേഷൻ നൽകിയെന്നാണ് നിഖിൽ ഗുപ്തയ്ക്കെതിരെയുള്ള ആരോപണം. ഒരു ലക്ഷം യുഎസ് ഡോളറിനാണു ക്വട്ടേഷൻ ഉറപ്പിച്ചത്. ഇതിൽ 15,000 ഡോളർ മുൻകൂറായി കൈമാറുകയും ചെയ്തു. ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് യുഎസ് പറയുന്നുണ്ടെങ്കിലും പേരു വെളിപ്പെടുത്തിയിട്ടില്ല.
ഗൂഢാലോചനയും കൊലപാതകത്തിന് പദ്ധതിയിട്ടതും തെളിഞ്ഞാൽ ഇരുപതു വർഷം വരെ ഇയാൾക്ക് ജയിൽശിക്ഷ ലഭിച്ചേക്കും.