വന്ദേഭാരത് സ്ലീപ്പറിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റിൽ
Sunday, June 16, 2024 9:29 PM IST
മുംബൈ: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റിൽ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേമെട്രോയുടെ പരീക്ഷണയോട്ടവും ഇതോടൊപ്പം നടക്കും.
രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളേയും വിവിധ റൂട്ടുകളേയും ബന്ധിപ്പിച്ച് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇറക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രീമിയം ട്രെയിനുകളായ രാജധാനി, തേജസ് എക്സ്പ്രസുകളേക്കാൾ മെച്ചപ്പെട്ട സൗകര്യം വന്ദേഭാരത് സ്ലീപ്പറിലുണ്ടാകും.
മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽവരെ പരീക്ഷണയോട്ടം നടത്തുമെങ്കിലും പരമാവധി 160 കിലോമീറ്ററിലായിരിക്കും സർവീസുകൾ. ദീർഘദൂര സർവീസുകൾക്കായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉപയോഗിക്കുക. 11 എസി ത്രീ ടയർ, നാല് എസി ടു ടയർ, ഒരു എസി ഫസ്റ്റ് ക്ലാസ് എന്നിവയടക്കം 16 കോച്ചുകളുണ്ടാകും.