നാലിൽ നാലും ജയിച്ചു; ഓസീസ് സൂപ്പർ എട്ടിൽ
Sunday, June 16, 2024 4:19 PM IST
സെന്റ് ലൂസിയ: ട്വന്റി-20 ലോകകപ്പിൽ സ്കോട്ലൻഡിനെ തകർത്ത് ഓസീസ് പ്രാഥമിക റൗണ്ടിൽ സമ്പൂർണ വിജയം നേടി. ബി ഗ്രൂപ്പിൽ എട്ട് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഓസീസ് സൂപ്പർ എട്ടിലേക്ക് കടന്നത്.
നാല് കളികളിൽ നിന്നും അഞ്ച് പോയിന്റുള്ള സ്കോട്ലൻസ് ടൂർണമെന്റിൽ നിന്നും പുറത്തായി. അഞ്ച് പോയിന്റുള്ള ഇംഗ്ലണ്ട് മികച്ച റൺശരാശരിയുടെ മികവിൽ ഓസീസിനൊപ്പം സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചു.
മികച്ച പോരാട്ടം നടത്തിയ സ്കോട്ലൻഡ് അവസാന ഓവറിലാണ് ഓസീസിനോട് തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 180 റൺസ് നേടി. 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് ലക്ഷ്യം കണ്ടു.
ട്രാവിസ് ഹെഡ് (68), മാർക്കസ് സ്റ്റോയിനസ് (59) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഓസീസിന് തുണയായത്. ടിം ഡേവിഡ് 24 റൺസുമായി പുറത്താകാതെ നിന്നു. 29 പന്തുകൾ നേരിട്ട സ്റ്റോയിനസ് ഒൻപത് ഫോറും രണ്ട് സിക്സും പറത്തി മാൻ ഓഫ് ദ മാച്ച് പുരസ്കാരവും നേടി.
സ്കോട്ലൻഡിനായി ബ്രണ്ടൻ മാക്മുലീൻ (60), റിച്ചീ ബെറിംഗ്ടൺ (42) എന്നിവരാണ് തിളങ്ങിയത്. ജോർജ് മുൻസി 35 റൺസ് നേടി. ഓസീസിനായി ഗ്ലെൻ മാക്സ്വെൽ രണ്ടു വിക്കറ്റുകൾ നേടി.