ഇവിഎം ഹാക്ക് ചെയ്യാനാകുമെന്ന് ഇലോൺ മസ്ക്; ഇന്ത്യയില്‍ നടക്കില്ലെന്ന് രാജീവ് ചന്ദ്രേശേഖര്‍
Sunday, June 16, 2024 3:55 PM IST
ന്യൂഡല്‍ഹി: നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചോ അല്ലെങ്കില്‍ മനുഷ്യന് തന്നെയോ ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യാനാകുമെന്ന ടെസ്ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്കിന്റെ പോസ്റ്റിന് മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രേശേഖര്‍. ഇവിഎമ്മുകളെ സംശയിക്കേണ്ട സാഹചര്യം ഇന്ത്യയില്ലില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്ത്യയിലെ ഇവിഎമ്മുകളില്‍ ബ്ലുടൂത്തോ വൈഫൈയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കണക്ടിവിറ്റിയോ ഉപയോഗിക്കുന്നില്ലെന്നും അത് കോണ്ട് തന്നെ ഇവിടത്തെ ഇവിഎമ്മുകള്‍ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേതു പോലുള്ള ഇ.വി.എമ്മുകള്‍ നിര്‍മ്മിക്കാന്‍ മസ്കിന് പരിശീലനം നല്കാന് തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് പറഞ്ഞ മസ്ക് അതുകൊണ്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഇലോണ്‍മസ്കിന്റെ അഭിപ്രായം ശരിവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ഇന്ത്യയിലെ ഇവിഎമ്മുകളെ ബ്ലാക്ബോക്സ് എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്.
ഭരണകൂടം തന്നെ ജനാധിപത്യവിരുദ്ധമായി നില്ക്കുന്ന നാട്ടില്‍ ഇതൊക്കെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ഇവിഎമ്മുകളെ ചോദ്യം ചെയ്യാനാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടികാട്ടി.