എസ്ഐയെ വാഹനമിടിപ്പിച്ച കേസ്; പ്രതി അലൻ പിടിയിൽ
Sunday, June 16, 2024 1:32 PM IST
പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. തൃത്താല സ്വദേശി അലൻ (19) ആണ് പിടിയിലായത്. പട്ടാമ്പിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാത്രി വാഹന പരിശോധനയ്ക്കിടെ തൃത്താല എസ്ഐ ശശികുമാറിനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷം ഇയാൾ മൊബൈൽ ഫോൺ ഓഫാക്കി കടന്നു കളയുകയായിരുന്നു. പിന്നീട് പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അലൻ കുടങ്ങിയത്.
കാറിൽ അലനൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത് ഒറ്റപ്പാലം സ്വദേശി അജീഷാണെന്ന് അലൻ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
ബോധപൂർവം എസ്ഐയെ അപായപ്പെടുത്താനുള്ള നീക്കമായിരുന്നു പ്രതികളുടേതെന്ന് തൃത്താല സിഐ വ്യക്തമാക്കി. അസ്വാഭാവികമായി കാർ പാർക്ക് ചെയ്തിരുന്നത് കണ്ടാണ് പോലീസ് സ്ഥലത്തേക്ക് എത്തിയത്.
എന്നാൽ പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ പ്രതികൾ എസ്ഐയെ ഇടിച്ചിട്ട് കടന്നുകളയുകയായിരുന്നു. ഭാഗ്യംകൊണ്ടാണ് രക്ഷപെട്ടതെന്ന് എസ്ഐ ശശി പ്രതികരിച്ചു. തലയ്ക്കും കാലിനും പരിക്കേറ്റ എസ്ഐ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ കാറിന്റെ ഉടമ ഞാങ്ങാട്ടേരി സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.