ട്വന്റി-20 ലോകകപ്പ്: ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ
വെബ് ഡെസ്ക്
Sunday, June 16, 2024 10:05 AM IST
ആന്റിഗ്വ: ട്വന്റി-20 ലോകകപ്പിൽ ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ കടന്നു. നമീബിയയെ തോൽപ്പിച്ച് രണ്ടാം ജയം നേടിയ ഇംഗ്ലണ്ട് അഞ്ച് പോയിന്റുമായി ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് സൂപ്പർ എട്ട് ബർത്ത് നേടിയത്.
മഴ കളിച്ച മത്സരത്തിൽ 41 റൺസിനായിരുന്നു ഇംഗ്ലണ്ട് ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ജോസ് ബട്ലറും സംഘവും 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടി. മറുപടി ബാറ്റിംഗിൽ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റിന് 84 റൺസ് നേടാനെ നമീബിയയ്ക്ക് സാധിച്ചുള്ളൂ.
ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു. ക്യാപ്റ്റൻ ബട്ലർ സ്കോർ ബോർഡ് തുറക്കും മുൻപും ഫിൽ സാൾട്ട് 11 റൺസിനും കൂടാരം കയറി. 20 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്ന ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. ജോണി ബെയിർസ്റ്റോ 18 പന്തിൽ 31 റൺസ് നേടി. ബ്രൂക്കാണ് മാൻ ഓഫ് ദ മാച്ച്.
നമീബിയയ്ക്കായി ഓപ്പണർ മൈക്കിൽ വാൻ ലിൻഗൻ 33 റൺസ് നേടി. കരിയറിലെ അവസാന മത്സരം കളിച്ച ഓൾറൗണ്ടർ ഡേവിഡ് വീസ് 12 പന്തിൽ 27 റൺസ് നേടി പൊരുതിയെങ്കിലും ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും ക്രിസ് ജോർദാനും ഒന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.