എന്റെ മതേതര ഐഡന്റിറ്റിയുടെ മുഖത്ത് ആഞ്ഞുവെട്ടാനാണ് സിപിഎം ശ്രമിച്ചത്: ഷാഫി പറന്പിൽ
Saturday, June 15, 2024 3:32 PM IST
വടകര: കാഫിര്‍ പോസ്റ്റ് വിവാദത്തില്‍ പൊലീസ് ഇപ്പോഴും കള്ളക്കളി നടത്തുകയാണെന്ന് ഷാഫി പറമ്പില്‍. തന്റെ മതേതര ഐഡന്റിറ്റിയുടെ മുഖത്ത് ആഞ്ഞുവെട്ടാനാണ് സിപിഎം ശ്രമിച്ചതെന്നും ഷാഫി പ്രതികരിച്ചു.
നാടിനെ ഭിന്നിപ്പിക്കാന്‍ നടത്തിയ ഹീനശ്രമം വ്യാജമാണ് എന്ന് കോടതിയില്‍ തന്നെ തെളിഞ്ഞു. വ്യാജ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം സിപിഎം ആണെന്ന കാര്യത്തിൽ ഇനി ആർക്കും സംശയമുണ്ടാകില്ല.
മുന്‍ എംഎല്‍എ കെ.കെ.ലതിക തന്നെ ഈ വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചു. ഇത് ഒറിജിനലാണെന്ന് വിശ്വസിച്ച സിപിഎം പ്രവര്‍ത്തകരോട് സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവര്‍ മാപ്പു പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.
പ്രതികള്‍ ആരാണെന്ന് പോലീസിനും സിപിഎമ്മിനും അറിയാം. അജ്ഞാതമായ ഉറവിടത്തില്‍ നിന്നും വന്ന വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചത് എന്തിനാണ്. വര്‍ഗീയ വാദി എന്ന ചാപ്പ തന്റെ മേലില്‍ വീഴില്ല.
സൈബര്‍ സംഘങ്ങളെ ആവശ്യമുള്ളപ്പോള്‍ സിപിഎം വെള്ളം ഒഴിച്ച് തലോടി വളര്‍ത്തി വലുതാക്കും. കുഴപ്പമുണ്ടാകും എന്നറിയുമ്പോള്‍ അതിനെ തള്ളിപ്പറയും.
കേസില്‍ പൊലീസ് അഡ്ജസ്റ്റ്മെന്റ് ചെയ്യുമോ എന്ന ആശങ്ക യുഡിഎഫിനുണ്ട്. വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച മുന്‍ എംഎല്‍എക്കെതിരെ എന്താണ് പൊലീസ് കേസെടുക്കാത്തതെന്നും ഷാഫി ചോദിച്ചു.