ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്: സത്യഭാമയ്ക്ക് ജാമ്യം
Saturday, June 15, 2024 3:22 PM IST
തിരുവനന്തപുരം: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച് നെടുമങ്ങാട് എസ്സി എസ്ടി കോടതി.
പോലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം, സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യരുത്, പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ അടക്കമാണ് 50,000 രൂപയുടെ രണ്ട് ആള്ജാമ്യത്തോടെ സത്യഭാമയുടെ ഹര്‍ജി പരിഗണിച്ചത്.
ജാമ്യത്തെ എതിര്‍ത്ത പ്രോസിക്യൂഷനും ആര്‍എല്‍വി രാമകൃഷ്ണനും ഇത് ചെറിയ കേസായി കാണാന്‍ കഴിയില്ലെന്ന് വാദിച്ചു. പ്രതിയെ കസ്റ്റഡിയില്‍ എടുക്കേണ്ടത് അനിവാര്യമാണെന്നും വാദിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
എന്നാല്‍, അഞ്ചു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ബി.എ. ആളൂര്‍ വാദിച്ചു. മനഃപൂര്‍വം അധിക്ഷേപ ശ്രമം നടത്തിയിട്ടില്ലെന്നും കറുത്ത കുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ്സി എസ്ടി വകുപ്പിന്റെ പരിധിയില്‍ വരുമെന്നും ആളൂര്‍ വാദിച്ചു.
നേരത്തെ, സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങണമെന്നും അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതി നിർദേശം നല്‍കിയത്.
കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ഡോ. ആർഎൽവി രാമകൃഷ്ണൻ നൽകിയ ജാതി അധിക്ഷേപ പരാതിയിൽ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നേരത്തെ കേസ് പരിഗണിച്ച നെടുമങ്ങാട് പട്ടിക ജാതി - പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യം തള്ളിയിരുന്നു. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്ക്കെതിരെ ചുമത്തിയത്.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്.